ന്യൂഡൽഹി: പ്രമുഖ പൊതുമേഖല എണ്ണക്കന്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ടിക്കി ടാർ ആൻഡ് ഷെൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയിൽ 40 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കി. 85 കോടി രൂപയ്ക്കാണ് ഇടപാട്.
മൂന്നു മാസത്തിനുള്ളിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിൽ നിന്നുള്ള അനുമതി ഉൾപ്പെടെ ലഭിച്ച് ഇടപാട് പൂർത്തിയാകുമെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചിന് സമർപ്പിച്ച റിപ്പോർട്ടിൽ ബിപിസിഎൽ വ്യക്തമാക്കിയത്.
ടിക്കി ടാർ ഗ്രൂപ്പും ഷെൽ ഗ്യാസ് ബിവിയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ടിക്കി ടാർ ആൻഡ് ഷെൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 2019 ഒക്ടോബറിൽ സ്ഥാപിതമായ ടിക്കി ടാർ ആൻഡ് ഷെൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹൈവേകളിലും വിമാനത്താവള റണ്‍വേകളിലും ഉപയോഗിക്കുന്ന ബിറ്റുമെൻ, ബിറ്റുമെൻ ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
നേപ്പാൾ, ഭൂട്ടൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുന്നുണ്ട്.